X Close
X
+91-9846067672

ബിഷപ്പിനെതിരായ പരാതി പിൻവലിക്കാൻ പാരിതോഷികം: ഫാ. ജെയിംസ് എർത്തയിലിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും


james

ജലന്ധർ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതി പിൻവലിക്കാൻ പാരിതോഷികം വാഗ്ദാനം ചെയ്ത കേസിൽ ഫാ. ജെയിംസ് എർത്തയിലിനെ ഇന്ന് ചോദ്യം ചെയ്‌തേക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് വികാരിക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഫാ. ജെയിംസ് എർത്തയിൽ ഇന്നലെ പാലാ കോടതിയിൽ ഹാജരായി ജാമ്യം നേടിയിരുന്നു. 

ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീക്ക് ഒപ്പമുള്ള സിസ്റ്റർ അനുപമക്ക് നൽകിയ വാഗ്ദാനമാണ് കേസിനാധാരം. പാരിതോഷികം വാഗ്ദാനം ചെയ്ത് സ്വാധീനിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പാലാ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദേശപ്രകാരം കുറവിലങ്ങാട് പൊലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

അതേസമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണം സംഘം ജലന്ധറിലേക്ക് പോകാന്‍ ധാരണയായി. ബിഷപ്പിനുള്ള ചോദ്യാവലി തയ്യാറാക്കിയ ശേഷമാകും ജലന്ധറിലേക്ക് പോകുക. ഇമെയിലുകൾ പരിശോധിക്കാനുള്ളതിനാൽ സൈബർ വിദഗ്ധരും സംഘത്തിലുണ്ടാകും. 

കന്യാസ്ത്രീ നൽകിയ പരാതിയിൽ കേരളത്തിലെ അന്വേഷണം ഒരാഴ്ച മുൻപ് പൂർത്തിയായതാണ്. എന്നാൽ ഈ പരാതിയിൽ ചില വ്യക്തത കൂടി വരുത്തണമെന്ന് ഉന്നത ഉദ്യോഗസ്ഥരുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ജലന്ധറിലേക്കുള്ള യാത്ര അന്വേഷണസംഘം നീട്ടിവെക്കുകയായിരുന്നു. ബിഷപ്പിനെ ചോദ്യം ചെയ്യാൻ വൈകുന്നത് വലിയ വിമർശനത്തിന് ഇടയാക്കി. പരാതി നൽകി ഒരു മാസം കഴിഞ്ഞിട്ടും  ചോദ്യം ചെയ്യൽ വൈകുന്നത് പൊലീസിന്‍റെ മെല്ലേപ്പോക്കെന്നാണ് ആക്ഷേപം. 

(ANN NEWS)