തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജില്‍ ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി ടിസി വാങ്ങി. പഠിക്കാനുള്ള അന്തരീക്ഷം കോളജില്‍ ഇല്ലെന്നും കേസുമായി മുന്നോട്ടുപോകാന്‍ താല്പര്യമില്ലെന്നും വിദ്യാര്‍ഥിനി പറഞ്ഞു. ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്നും പെണ്‍കുട്ടി ആവര്‍ത്തിച്ചു.
വര്‍ക്കല എസ്എന്‍ കോളജില്‍ പെണ്‍കുട്ടിക്ക് പഠനം തുടരാനാണ് സിന്‍ഡിക്കേറ്റ് അനുമതി നല്‍കിയത്. മുടങ്ങിയ പരീക്ഷയും പുതിയ കോളജില്‍ എഴുതാന്‍ കഴിയും.
യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകരുടെ സമ്മര്‍ദം മൂലം ജീവനൊടുക്കുന്നു എന്നായിരുന്നു ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ്. സമരങ്ങളില്‍ പങ്കെടുക്കാന്‍ സമ്മതിക്കാത്തതിന്റെ പേരില്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് തീരുമാനമെന്നും ഇതേക്കുറിച്ച് പരാതി നല്‍കിയിട്ടും പ്രിന്‍സിപ്പല്‍ ഒരു നടപടിയും സ്വീകരിച്ചില്ലെന്നും കത്തില്‍ ആരോപിച്ചിരുന്നു.
എന്നാല്‍ മജിസ്ട്രേറ്റിന് നല്കിയ രഹസ്യമൊഴിയിലും പോലീസിന് കൊടുത്ത മൊഴിയിലും വ്യക്തിപരമായ കാരണമാണ് ആത്മഹത്യാശ്രമത്തിനു പിന്നിലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. പരാതിയില്ലാത്ത സാഹചര്യത്തില്‍ തുടര്‍നടപടികള്‍ പോലീസ് അവസാനിപ്പിച്ചിരുന്നു.