മുംബയ്: നവി മുംബയില്‍ ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന തരത്തിലുള്ള സന്ദേശങ്ങള്‍ കണ്ടെത്തി. സന്ദേശത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ എം.എസ് ധോണിയെക്കുറിച്ചും, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെക്കുറിച്ചും പരാമര്‍ശമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.
നവി മുംബൈയിലെ ഉറാനില്‍ കോപ്ടെ പാലത്തിന്റെ തൂണിലാണ് ചൊവ്വാഴ്ച എഴുത്ത് കണ്ടെത്തിയത്. ഇസ്ലാമിക് സ്റ്റേറ്റിനെ പുകഴ്ത്തിക്കൊണ്ടാണ് സന്ദേശം. ഐസിസ് തലവനായ അബു ബക്കര്‍ അല്‍ ബാഗ്ദാദിയുള്‍പ്പെടെയുള്ള ഭീകരവാദികളെക്കുറിച്ചും പറയുന്നുണ്ട്. ഐസിസിനായി പൊരുതുന്നവരെയും സന്ദേശത്തില്‍ പ്രശംസിക്കുന്നുണ്ട്.
ഐഎസ് നേതാവ് അബുബക്കര്‍ അല്‍ ബാഗ്ദാദി, ഹഫീസ് സയിദ്, മറ്റു ഭീകരരുടെ പേരുകള്‍ എന്നിവയ്ക്കൊപ്പം റോക്കറ്റിന്റെ ചിത്രവും കുറിപ്പുകളില്‍ അടങ്ങിയിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍, ഇന്ത്യന്‍ ക്രിക്കറ്റ് താരം എം.എസ്. ധോണി എന്നിവരുടെ പേരുകളും ഇതില്‍ ഉള്‍പ്പെട്ടതായി നവി മുംബൈ പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. ഐഎസ് അനുകൂല സന്ദേശം കണ്ടെത്തിയ സ്ഥലം യുവാക്കളുടെ സ്ഥിരം മദ്യപാന സങ്കേതമാണെന്നു ചില പ്രദേശവാസികള്‍ പോലീസിനെ അറിയിച്ചു. ഇവിടെനിന്ന് ബിയര്‍ ബോട്ടിലുകളും മറ്റ് സാമഗ്രികളും കണ്ടെത്തിയിട്ടുണ്ട്.
ഏറെ വിശദീകരിച്ചാണ് സന്ദേശങ്ങള്‍ എഴുതിയിട്ടുള്ളതെന്നും നവി മുംബയിലെ പ്രധാന സ്ഥലങ്ങളില്‍ എപ്പോഴൊക്കെയും എങ്ങനെയൊക്കെയും ആക്രമണങ്ങള്‍ നടത്താമെന്നും സന്ദേശത്തില്‍ പറയുന്നുണ്ടെന്നും പൊലീസ് വെളിപ്പെടുത്തി. ധോണിയുടെയും കെജരിവാളിന്റെയും പേരുകള്‍ ചില കോഡുകള്‍ ആകാമെന്നും പൊലീസ് പറയുന്നുണ്ട്. സമീപത്തെ കെട്ടിടങ്ങളിലും റോഡുകളിലുമുള്ള സിസിടിവി കാമറകളെ അടിസ്ഥാനമാക്കിയാണ് പോലീസ് അന്വേഷണം മുന്നോട്ടുപോകുന്നത്. നവി മുംബൈ ക്രൈം ബ്രാഞ്ചിലെ ഒരു പ്രത്യേക സംഘവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.